സ്നേഹമുനമ്പിൽ

in malayalam •  3 years ago 

പൊങ്ങിയുമല്പം ചരിഞ്ഞു ചാഞ്ചാടിയും

മെല്ലെത്തിരയിലൂടക്കരെയെത്തുന്നൊ-

രോർമ്മയിൽ കണ്ണുനീരുപ്പു ചേര്‍ക്കും

കടൽക്കാറ്റുപോൽ വീശിയടിക്കുന്ന ചിന്തകൾ.

മൗനധ്യാനത്തിലും നിന്‍റെ കാലൊച്ചകൾ

മൗനമുറയുന്നുവോ സഖി നിന്‍റെ ചുറ്റും.


പാറയെക്കെട്ടിപ്പുണർന്നു പിൻവാങ്ങിടും

വീചിയിൽ നൊമ്പരം, നാണക്കുമിളകൾ.

വസ്ത്രാഞ്ചലങ്ങളിൽ കൈകളും കാറ്റുമായ്

യുദ്ധാന്തസന്ധികൾ, കൈവരി ചേർന്നു നാം

നീലത്തിരകളിലുറ്റുനോക്കി, ചിന്ത

വേർതിരിച്ചെന്തേ ചികഞ്ഞെടുത്തു.

കാലം മറന്നതാമാദ്യാനുരാഗമോ,

കാലിൽ കുരുക്കിടും പ്രേമ ചാപല്യമോ !


നീയെത്ര ജന്മാന്തരങ്ങളായാത്മാവി-

ലൂറുന്ന പാപബോധം, ചിതാഭസ്മവും

പൂശിയെത്തുന്ന സന്ധ്യയിൽ നിൻ നിഴലായ്

മൗനസഹയാത്ര ചെയ്യുവാനൊക്കുമെന്നോ !

നിൻകണ്ണു മാത്രമെന്താഴിക്കുമപ്പുറം

നിൻകണ്ണിലെന്തേ നിഗൂഢഭാവം !


ഹേ സഖി, നീയോർത്തുവോ, പൊക്കിൾക്കൊടിയി-

ലൂടമ്മ പകർന്നതാമൂര്‍ജ്ജവും ശക്തിയും

നമ്മളായ് മാറിയതെങ്ങനെ, നമ്മളിൽ

മൊട്ടിടും സ്നേഹങ്ങളമ്മയെത്തേടുന്ന-

തെന്തിനീ ചാഞ്ചല്യമാഴിക്കുമെന്തിന്

എന്തിനീ മൗനവിഷാദഭാവം സഖീ.

ഹേ സഖീ, കടുംപാറ ഞെട്ടില്ലയൊട്ടും

നീയോങ്ങിയാഴ്ത്തും കുഠാരങ്ങളെങ്കിലും

ചെഞ്ചോര ചീറ്റിത്തെറിക്കില്ല, വാക്കുകൾ

ചക്രവാളത്തിന്‍റെ മൗനം തകർക്കിലും.

നോക്കൂ പടിഞ്ഞാറു പടിയുന്നു ഞായർ

കേൾക്കൂ കടൽക്കാറ്റിരമ്പുന്നിതുള്ളിലും.

RajiChandrasekhar.jpg




Authors get paid when people like you upvote their post.
If you enjoyed what you read here, create your account today and start earning FREE STEEM!
Sort Order:  
Loading...