ബിരിയാണി എന്ന് കേട്ടാൽ നാവിൽ വെള്ളം ഊറാത്ത മലയാളികൾ ഉണ്ടാവില്ല .കല്യാണ വീട്ടിലെ ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം മൂക്കിൽ അടിച്ചു കേറുമ്പോൾ, ൻറെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല .മലബാറിൻറെ സ്വന്തം എന്നവകാശപ്പെടുന്ന ബിരിയാണിയുടെ പുറകിൽ ഒരുപാട് കഥകളുണ്ടത്രേ .
ഫ്രൈ ചെയ്തത് എന്ന് അർത്ഥം വരുന്ന ബെര്യാൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ബിരിയാണി എന്ന വാക്ക് ഉത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ബിരിയാണിയുടെ ജന്മനാട് പേർഷ്യയാണ് എന്നു പറയപ്പെടുന്നു. പേർഷ്യയുമായി പണ്ടുമുതൽക്കേ തന്നെ വ്യാപാരബന്ധമുണ്ട് മലബാറിന്. അങ്ങനെയാണ് ബിരിയാണി തലശ്ശേരിയിൽ എത്തിയത് എന്നാണ് തലശ്ശേരിക്കാരുടെ വാദം.
പുലാവിൽ നിന്നാണ് ബിരിയാണി ഉണ്ടായത് എന്നും
ഡൽഹി മുഗളന്മാരുടെ കീഴിലായപ്പോഴാണ് ഇന്ത്യൻ വിഭവമായ പുലാവിൽ ഇറച്ചി ചേർത്ത് വേവിച്ചു തുടങ്ങിയത്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ ബിരിയാണി പിറവിയെടുക്കുന്നത് അങ്ങനെയാണ്.
ബിരിയാണിയുടെ പേരിൽ കഥകൾ വേറെയും പ്രചരിക്കുന്നുണ്ട്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായ തിമൂറുമായി ബന്ധപ്പെട്ടതാണ് അതിൽ മറ്റൊരു കഥ. 1398-ൽ തിമൂറിന്റെ സൈന്യം ഇന്ത്യയുടെ അതിർത്തിയിൽ തമ്പടിച്ചപ്പോൾ തിമൂർ തന്റെ സൈനികർക്ക് ഭക്ഷണമായി കൊടുത്തത് അരിയും മസാലകളും ഇറച്ചിയും ഒന്നിച്ച് ഒരു പാത്രത്തിലിട്ട് വേവിച്ചതാണ്. ഇതാണ് പിന്നീട് ബിരിയാണിയായി മാറിയത് എന്നാണ് ഒരു കഥ.
ഷാജഹാന്റെ പ്രിയതമയായിരുന്ന മുംതാസുമായി ചേർന്ന് പ്രചരിക്കുന്ന ബിരിയാണിക്കഥ ഇങ്ങനെയാണ്, ഒരിക്കൽ സൈനികകേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ മുംതാസ് ക്ഷീണിതരായി സൈനികരെ കണ്ട് മനംനൊന്ത് അവർക്ക് ഉത്സാഹം പകരാൻഎന്തെങ്കിലും വ്യത്യസ്തമായ വിഭവമുണ്ടാക്കാൻപാചകക്കാരനോട് പറഞ്ഞു. അങ്ങനെ ആ പാചകക്കാരൻ ഉണ്ടാക്കിയ വ്യത്യസ്തമായ വിഭവമാണ് ബിരിയാണി എന്നതാണ് അടുത്ത കഥ.
എഡി രണ്ടിൽഎഴുതപ്പെട്ട രണ്ട് തമിഴ് സാഹിത്യ കൃതികളിൽ പരാമർശിക്കപ്പെട്ട ഊൺസോറാണ് ബിരിയാണിയുടെ ആദിമരൂപം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഹൈദരാബാദിലെ നിസാമുംലഖ്നൗവിലെ നവാബുമാണ് ബിരിയാണിയെ ഇത്രയും പ്രശസ്തരാക്കിയത്. അതുകൊണ്ടുതന്നെ ബിരിയാണികൾക്കിടയിൽ ഹൈദരാബാദി ബിരിയാണിയും ലഖ്നൗവിലെ ബിരിയാണിയും കൂടുതൽ പ്രശസ്തമായി. എന്നാൽ ഈ പറഞ്ഞതൊന്നും തലശ്ശേരി ബിരിയാണിയെ ബാധിക്കില്ല എന്നതാണ് മറ്റൊരു സത്യം.